മഹിമയേറും മലയാളം.........


"മാമലകള്‍ക്കപ്പുറത്ത്‌ മരതകപ്പട്ടുറ്റുത്ത്‌,മലയാളമെന്നൊരു നാടുണ്ട്‌. " 
മനോഹരമാണ്‌ നമ്മുടെ കൊച്ചു കേരളം. സഹ്യണ്റ്റെ മടിയില്‍ തല ചായ്ച്ചും, അറബിക്കടലില്‍ പാദങ്ങള്‍ ചേര്‍ത്തും ശുഭകാരിണിയായി അവള്‍ പരിലസിയ്ക്കുന്നു. നദികളും കുളങ്ങളും കായലുകളും അവളുടെ സമ്പത്‌ സംഋദ്ധിയോതുന്നു. മലനിരകളും പച്ചപ്പും താണ്ടിയെത്തുന്ന ഇളം കാറ്റ്‌ തെങ്ങോലകളെ ഇക്കിളിപ്പെടുത്തിക്കൊണ്ട്‌ അവളുടെ മനോഹാരിത വര്‍ണ്ണിക്കുന്നു. പാടങ്ങളില്‍ നിന്നുയര്‍ന്നു കേള്‍ക്കുന്നത്‌ ഞാറ്റുവേലപ്പാട്ട്‌. മുട്ടോളമെത്തുന്ന മുണ്ടുടുത്ത്‌, പാളതൊപ്പിയും വച്ച്‌ കാളക്കുട്ടന്‍മാരെ തെളിച്ച്‌ നിലമുഴുകുന്ന കര്‍ഷകന്‍ - മലയാളികളുടെ മനസ്സിണ്റ്റെ തിരശ്ശീലയില്‍ മായാത്ത ഒരു ചിത്രമാണ്‌ വരച്ചു ചേര്‍ക്കുന്നത്‌. തേക്കുപാളയും ചവിട്ടു ചക്രവും കര്‍ഷകണ്റ്റെ ആത്മ മിത്രങ്ങളായിരുന്നു.

വയലേലകളെല്ലാം തങ്കനിറമാകുന്ന ചിങ്ങമാസം, സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ കതിരു ചാഞ്ഞു കിടക്കുന്ന നെല്‍പ്പാടങ്ങള്‍ കര്‍ഷകരുടെ മനസ്സും പത്തായവും നിറയ്ക്കും. ഇനി ഓണക്കാലം, കേരളക്കര സ്വര്‍ഗ്ഗസമാനമകുന്ന സമയം. ചക്കരമാവിന്‍ കൊമ്പിലെ ഊഞ്ഞാലും, ഊഞ്ഞാലാടി രസിയ്ക്കുന്ന പെണ്‍കൊടിമാരുടെ ചുണ്ടില്‍ മൂളുന്ന ഊഞ്ഞാല്‍പാട്ടും നമ്മുടെ മനസ്സില്‍ ഇടം തേടുന്നു.പൂവിളിയും പൂക്കളങ്ങളും, അകലെ കാട്ടുചെമ്പകത്തില്‍ ഇരുന്നു പാടുന്നപുള്ളിക്കുയിലും വസന്തത്തെ വരവേല്‍ക്കുമ്പോള്‍, ഓണവില്ലും പുലികളിയും, ഓണപ്പാട്ടുമായെത്തുന്ന പാക്കനാരും തിരുവോണ നാളിണ്റ്റെ മാറ്റ്‌ കൂട്ടുന്നു. നിറഞ്ഞ പത്തായവും കളപ്പുരയും സദ്യവട്ടങ്ങളൊരുക്കുന്നു. ഇനി തലപ്പന്തും പകിട കളിയും പൊടിപൊടിയ്ക്കുകയായി. കാരണവന്‍മാര്‍ക്ക്‌ നാലും കൂട്ടി ഒരു മുറുക്കും.

. അകലെ നിന്നും കാറ്റില്‍ ഒഴുകിയെത്തുന്നത്‌ വഞ്ചിപ്പാട്ടിണ്റ്റെ ഈണം. കൊടിതോരണങ്ങളും മുത്തുക്കുടയും ചാര്‍ത്തിയലങ്കരിച്ച ചുണ്ടന്‍ വള്ളങ്ങള്‍ ഓളപ്പരപ്പിലൂടെ മത്സരിയ്ച്ച്‌ നീങ്ങുകയാണ്‌. അവ, നമുക്ക്‌ മാത്രം സ്വന്തം.

എവിടെ നിന്നൊ ഒരു വിഷുപ്പക്ഷി പാടുന്നു. നാടെങ്ങും പൊന്‍പ്രഭ വിതറിനില്‍ക്കുന്ന കണിക്കൊന്നകള്‍. കണ്ണിനുത്സവമായി ഇളകിമറിയുന്ന കൊന്നപ്പൂങ്കുലകള്‍. തൊടിയിലെ വരിയ്ക്ക പ്ളാവും ചക്കരമാവും മത്തനും വെള്ളരിയുമെല്ലാം നിറയെ കായ്ച്ചിരിക്കുന്നു. ഇതു മേടപ്പുലരി. വിഷുക്കാലം, കണികണ്ടുണരുവാനുള്ള പ്രഭാതങ്ങള്‍. കണിവെള്ളരിയും കൊന്നപ്പൂവും ഓട്ടുരുളിയില്‍ ഒരുക്കി കോടിമുണ്ടും, സ്വര്‍ണ്ണവും, വെള്ളീയും, ദക്ഷിണയും വയ്ച്ച്‌ ശ്രീകൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ ഒരുക്കുന്ന കണി...അത്‌ ആരുടെ മനസ്സാണ്‌ നിറയ്ക്കാത്തത്‌?. കുടുംബത്തിലെ കുട്ടികള്‍ക്ക്‌ കാരണവറ്‍ നല്‍കുന്ന കൈനീട്ടവും മുത്തശ്ശി തുറക്കുന്ന പഴങ്കഥകളുടെ ചെല്ലവും കിട്ടണമെങ്കില്‍ ഇനി നീണ്ട ഒരു വറ്‍ഷം കാത്തിരുന്നേ മതിയവൂ. 

മുത്തശ്ശിമരുടെ കൈയിലെ ചെപ്പിനുള്ളില്‍ പഴങ്കഥകളില്‍ തെളിയുന്നത്‌ കേരളീയ ചരിത്രം. മഹാബലിയും പാക്കനാരും വിഷുക്കണിയും കൈനീട്ടവുമെല്ലാം നമുക്കന്യമാവുകയാണ്‌. പച്ചപ്പുതപ്പണിഞ്ഞ മലനിരകളും, കളകളം പാടുന്ന കാട്ടുചോലകളും, വിശാലമായ കായല്‍പ്പരപ്പും അവയ്ക്കരികില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരവൃക്ഷങ്ങളും എന്നും മലയാളമനസ്സിണ്റ്റെ പുണ്യമാണ്‌. കാവുകളും കുളങ്ങളും കാടുകളും മേടുകളും മലയാളിയ്ക്കുള്ള തിരുമുല്‍ക്കാഴ്ച്ചകളും. 

കേളികൊട്ടിയെത്തുന്ന കഥകളി വിളിച്ചോതുന്നത്‌ കേരളീയ സംസ്കാരം. തെയ്യവും തിറയും തിരുവാതിരയും പറയുന്നത്‌ നമ്മുടെ പാരമ്പര്യം. മൊട്ടക്കുന്നുകളിലും താഴ്വരകളിലും കാണുന്നത്‌ ശാലീന സൌന്‌ദര്യം. കേരളീയ സംസ്കാരം, പൈതൃകം, വശ്യസൌന്‌ദര്യം എല്ലാം ഒരു സ്വപ്നമായ്‌ വഴിമാറുകയാണ്‌. ഓര്‍മ്മിക്കാന്‍ സുഖമുള്ള ഒരു സ്വപ്നം.
നിദ്ര...... 



രാത്രിയുടെ ഈ ഏകന്തതയില്‍ മനസ്സില്‍നിറഞ്ഞു നില്‍ക്കുന്നത്‌ പാല്‍ നിലാവ്‌.
അകലെ മാനത്ത്‌ വെട്ടിത്തിളങ്ങുന്ന ചന്ദ്രമണ്ഡലം,
പൊന്നിന്‍ കുടത്തിന്‌ പൊട്ടെന്നപോലെ നക്ഷത്രരാജകുമാരിമാരും.

നിശ്ചലം നില്‍ക്കുന്ന ഓലച്ചാര്‍ത്തിനിടയിലൂടെ കടന്ന്‌ഭൂമിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന അരണ്ട വെളിച്ചം. 
എല്ലാ ജീവജാലങ്ങളും സുഖനിദ്രയിലാണ്‌. 
ഇന്നലെകള്‍ വീണ്ടും ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പ്‌. 

രാത്രിയുടെ മൂകതയില്‍ ഉണര്‍ന്നിരിക്കാന്‍ ഒരാള്‍ മാത്രം, പുഴ. 
ഗൂഢമായ നിശ്ശബ്ദതയിലും അവള്‍ കളകളാരവം മുഴക്കിയാത്ര തുടരുകയാണ്‌. 

ഈ ഏകന്തതയില്‍ എനിക്ക്‌ കൂട്ടായി ഭയാനകമായദു:സ്വപ്നങ്ങളും എണ്റ്റെ ഹൃദയ്മിടിപ്പും മാത്രം. 
എവിടെയൊ ഒരു രാപ്പടി ചിലച്ചുവൊ?അറിയില്ല, 
കാരണം ഒരുമാത്ര.. ഞാനും ആ ചെറു മരണത്തിലേയ്ക്ക്‌ വീണുപോയി................
മാ:നിഷാദാ............



ഇണകളായ ക്രൌന്ച്ചപ്പക്ഷികളില്‍ ഒന്ന്‍ വേടന്റെ ശരമേറ്റ് വീണപ്പോള്‍
ആ വിരഹത്തിന്റെ വേദന അറിഞ്ഞു വാല്മീകി.
നൊമ്പരത്തോടെ അദ്ദേഹം ചൊല്ലി മാ:നിഷാദ .........
ഇന്നും ഭുമിയില്‍ ആ സ്വരം പ്രതിധ്വനിച്ചു കൊണ്ടിരിയ്ക്കുന്നു.
യുധാസന്നാഹങ്ങളുടെ മുരള്‍ച്ചക്കിടയില്‍
പ്രകൃതിയുടെ ആ സ്വരം നാം കേള്‍ക്കുന്നില്ല ..............
ആരെങ്കിലും അതാവര്‍ത്തിച്ച്ചിരുന്നെങ്കില്‍ ........
ഏറ്റു പറഞ്ഞിരുന്നെങ്കില്‍ ...............
അക്ഷരങ്ങളിലെ ഓര്‍മ്മകള്‍ 


ഏകാന്തതയുടെ മൌനസ്വരങ്ങള്‍
അക്ഷരങ്ങളായി ഓര്‍മ്മയുടെ പുസ്തക താളുകളിലെയ്കാവാഹിച്ച
കൈകളില്‍ ചങ്ങലപ്പൂടുകള്‍ വീഴുമ്പോള്‍ ................
തൂലികതുമ്പിലെ മഷിത്തുള്ളികള്‍ മാഞ്ഞുപോകുമ്പോള്‍..........
മനസ്സിന്റെ താളുകളില്‍ ചോര പൊടിച്ച് നാരായമുനയാല്‍ കോറിയിട്ട 
വേദനകളും സ്വപ്നങ്ങളും തന്റേതു മാത്രമാകുന്ന കാലം.

ദുഖവും, സങ്കടവും സന്തോഷവും പങ്കുവച്ച് സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കിയവന്‍ .............
കാല്പനികതയുടെ കഥാകാരന്‍ ......മരണത്തിനു കീഴടങ്ങുന്നു .
നാളെ അക്ഷരങ്ങളുടെ ചുടലപ്പറമ്പില്‍ വീണ്ടുമൊരു ശവദാഹം ............

ഒരു സുന്ദര യാത്രയുടെ തിരുശേഷിപ്പുകള്‍............



ഞാനിപ്പോള്‍ ഒരു യാത്രയുടെ പാതി വഴിയിലെത്തി നില്‍ക്കുകയാണ്‌. വന്ന വഴിയെപ്പറ്റി ഒരു രൂപവുമില്ല. ഇനി പോകേണ്ട വഴിയേതെന്ന്‌ അറിയാനും വയ്യ. എന്താണൊരു പോംവഴി? ഒരു വഴി കണ്ടെത്തിയില്ലെങ്കില്‍ ഞാന്‍ പെരുവഴിയൈലാകുമെന്നത്‌ കട്ടായം. ആരുടെയോ പിന്നാലെ നടന്ന്‌ നടന്ന്‌ ഇവിടെ വരെ എത്തി എന്നു മാത്രമറിയാം. വന്നു വന്ന്‌ മുന്‍പെ പോയ ആളെയും കാണുന്നില്ല പിന്നാലെ ആരുമൊട്ടു വന്നില്ല താനും. ഭൂമി പിളര്‍ന്നു താഴേക്കു പോകാനൊക്കുമൊ? ഇല്ല. ഇനി പറന്നു പറന്ന്‌ മുകളിലെയ്ക്കു പോകുവാനൊക്കുമൊ? അതും ഇല്ല. ഇനി ഞാനന്തു ചെയ്യും?

അങ്ങനെ ഇതികര്‍ത്തവ്യാമൂഢനായി അനന്തചിന്തയിലാണ്ടു നില്‍ക്കുമ്പോഴാണ്‌ അതിനൂതനയായ ഒരു നാഗരികസുന്ദരി ദിശതെറ്റിയെന്നോണം ആ വഴി വന്നണഞ്ഞത്‌. എണ്റ്റെ ഭാഗ്യം, അല്ലെങ്കില്‍ പിന്നെ വഴിയറിയാതുഴറി നില്‍ക്കുന്ന എന്‍ മുന്നില്‍ അവള്‍ എങ്ങനെ വന്നെത്തി?. എന്തെങ്കിലുമാകട്ടെ എന്നു വിചാരിച്ച്‌ അവള്‍ തെളിയ്ക്കുന്ന വഴിയേ നടക്കുവാന്‍ തന്നെ ഞാനൊടുവില്‍ തീരുമാനിച്ചു. അല്ലെങ്കില്‍ തന്നെ എനിക്കു പോകാതിരിക്കുവാനൊക്കുമോ? എത്‌? വഴിതെറ്റി നടന്നിട്ട്‌ വല്ല കാര്യവുമുണ്ടോ എന്ന്‌? 

നടന്നു തുടങ്ങിയപ്പോള്‍ ഒരു കാര്യം ബോധ്യമായി ഞാനിപ്പോള്‍ ആ പഴയ പാടവരമ്പത്തും നാട്ടുവഴിയിലുമൊന്നുമല്ല യാത്ര ചെയ്യുന്നത്‌. പൊളിഞ്ഞു വീഴാറായ ആ കല്‍ക്കെട്ടും വൃത്തികെട്ട ചേറ്റുമണവുമൊന്നും ഈ വീഥിയിലില്ല. എന്തൊരു പരമാനന്ദം, പൂമെത്ത വിരിച്ച പാതകളും, സുഗന്ധപൂരിതമായ അന്തരീക്ഷവും ആഹാ!. എന്നില്‍ നിന്നും സന്തോഷാസ്രുക്കള്‍ ഇങ്ങനെ അനര്‍ഗ്ഗനിര്‍ഗ്ഗളം പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്‌. ആ പെരുവഴിയില്‍ എന്തായാലും ഇവളെ കണ്ടു കിട്ടിയതു ഭാഗ്യമായി. അല്ലെങ്കില്‍ തനി നാട്ടിന്‍പുറത്തുകാരനായ തനിക്ക്‌ ഇതു വല്ലതും അനുഭവിക്കാനുള്ള യോഗമുണ്ടാവുമായിരുന്നോ? 

ഇടയ്ക്കിടെ അവള്‍ തിരിഞ്ഞു നോക്കുന്നുണ്ട്‌. ചുണ്ടിലെ വശ്യമായ പുഞ്ചിരിക്ക്‌ യാതൊരു പിശുക്കും കാണിക്കുന്നതുമില്ല. പിന്നെന്താണ്‌ ഞാന്‍ അവളുടെ പിന്നലെ പോയാല്‍, ഒന്നുമില്ലെങ്കിലും ഒരു മിന്നാമിനുങ്ങു പോലും കൂട്ടിനില്ലാത്ത ആ ഇരുള്‍ വീഥിയില്‍ നിന്ന്‌ നിലാവുള്ള ഈ പാതയിലേയ്ക്ക്‌ എത്തിച്ചില്ലേ?. ഒന്നും ഉരിയാടിയില്ലെങ്കിലും ആ കടാക്ഷം കൊണ്ട്‌ മാടി വിളിയ്ക്കുന്നില്ലേ?. ഇതൊക്കെ തന്നെ ധാരാളം. 

അങ്ങനെ കാണാക്കാഴ്ച്ചകളൊക്കെ കണ്ടാസ്വദിച്ച്‌ നടന്ന്‌ നടന്ന്‌ ഞങ്ങള്‍ ഒരു മനോഹര സൌധത്തിനു മുന്നിലെത്തി. എണ്റ്റെ ഇഹജീവിതത്തിലും മ വല്ല ജീവിതവുമുണ്ടെങ്കില്‍ അവിടെയുമൊന്നും ഇത്തരത്തിലൊരു രമണീയ ഭവനം ഞാന്‍ കണ്ടിട്ടേയില്ല. സത്യം. എനിക്കാകെയൊരു വല്ലായ്മ തോന്നുന്നു. ഇതിണ്റ്റെ ഉള്ളില്‍ കടന്നിട്ട്‌ ഞാനെന്തു ചെയ്യാനാണ്‌?. പക്ഷെ അവള്‍ക്ക്‌ യാതൊരു കൂസലുമില്ല. നേരെ പാഞ്ഞു കയറുകയാണ്‌. ഈ പാവമാം ഞാനെന്തു ചെയ്യാന്‍, ഇത്രടം വരെ എത്തിപ്പോയില്ലേ കയറാതെ പറ്റുമോ? തിരികെ പോകുവാന്‍ പറ്റാത്ത വിധം വഴികള്‍ ഒരുപാട്‌ താണ്ടിയിരിക്കുന്നു. ഇനിയിപ്പോള്‍ മുന്‍പോട്ട്‌ പോകുക എന്നല്ലാതെ മറ്റൊരു വഴി ചിന്തിക്കാന്‍ കൂടിയില്ല. ഞാനും പതിയെ ഉള്ളിലേയ്ക്ക്‌ കടന്നു. 

കാര്യമെന്തൊക്കെ ആണെങ്കിലും ഉള്ളിലുള്ളത്‌ സുഖവും സൌഭാഗ്യങ്ങളും ആണെന്നുള്ള കാര്യത്തില്‍ എനിക്ക്‌ യാതൊരു സന്ദേഹവുമില്ലായിരുന്നു. നിനച്ചിരിക്കാതെ കൈവന്ന സന്തോഷങ്ങള്‍ അനുഭവിക്കാനുള്ള അടങ്ങാത്ത വ്യഗ്രതയുമായി ഞാന്‍ മുന്നോട്ട്‌ നീങ്ങി. ഞാനെണ്റ്റെ വലതുകാല്‍ വയ്ച്ച്‌ ഉള്ളില്‍ കടന്നു. കൊള്ളാം, ജീവിതത്തില്‍ ഇന്നു വരെ കാണാത്ത വര്‍ണ്ണവിസ്മയങ്ങള്‍ എന്നെ മാടി വിളിയ്ക്കുന്നു. അത്യുത്സാഹത്തോടെ ഞാന്‍ മുന്നോട്ട്‌ നീങ്ങി.

പക്ഷെ, പൊടുന്നനെ എനിയ്ക്ക്‌ വഴികാട്ടിയ മാന്‍മിഴികള്‍ എവിടെയോ അപ്രത്യക്ഷമായി. എണ്റ്റെ ചുറ്റിലുമായി ആ മനോഹര സൌധം ആര്‍ത്തലയ്ച്ച്‌ ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നത്‌ ഒരു നടുക്കത്തോടെയാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌. ചുടലയക്ഷികള്‍ എണ്റ്റെ ചുറ്റും നിരന്ന്‌ സംഘനൃത്തം ചവിട്ടുന്നു. ചീവീടുകള്‍ കാതില്‍ പ്രേതഗാനങ്ങളുമായി ഗാനമേള നടത്തുന്നു. ഞാന്‍ വന്ന വഴിയിലേയ്ക്ക്‌ തിരിഞ്ഞോടുവാന്‍ ശ്രമിച്ചു. പക്ഷേ നിലാവ്‌ പെയ്തുനിന്ന ആ പാതയില്‍ അഗാധ ഗര്‍ത്തങ്ങളും കുപ്പിച്ചില്ലുകളും മാത്രമായിരുന്നു എന്നു ഞാന്‍ തിരിച്ചറിയുന്നത്‌ അപ്പോഴാണ്. എനിക്ക്‌ നഷ്ടമായ എണ്റ്റെ ഗ്രാമവും, പുഴയും, തൊടിയും, പാടങ്ങളുമെല്ലാം എത്ര മധുരതരമായിരുന്നു എന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞത്‌ അപ്പോള്‍ മാത്രമായിരുന്നു. ഇനി എന്തു ചെയ്യാന്‍? പശ്ചാത്തപിക്കാന്‍ പോലുമുള്ള അവകാശമില്ലാത്തവന്‌ കരയാനെന്ത്‌ അവകാശം? എങ്കിലും ഞാന്‍ കരഞ്ഞു. അതിനുള്ള അവകാശം ഞാന്‍ പിടിച്ചു വാങ്ങി. കരഞ്ഞു. കരയുന്നു.  കരഞ്ഞു കൊണ്ടേയിരിയ്ക്കുന്നു..............
പെയ്തൊഴിയാന്‍ വെമ്പി................ 


ഒരു നനുത്ത കാറ്റിന്റെ  ഇശല്‍ പോലെ, സാന്ദ്രസംഗീതം പോലെ ചാറ്റല്‍ മഴ തുടങ്ങിയിരിക്കുന്നു. മേടചൂടിന്‌ ആശ്വാസമായി അവള്‍ വന്നണഞ്ഞു. എരിവെയിലിണ്റ്റെ വേനല്‍ക്കാലം പെയ്തൊഴിയാന്‍ പോകുന്നു. ആര്‍ത്തലച്ചു വരുന്ന പെരുമഴക്കു മുന്‍പേ, അതിലും വേഗതയില്‍ മനസ്സ്‌ പിന്നോട്ട്‌ പായുകയാണ്‌. വര്‍ഷങ്ങള്‍ക്കു പിറകിലേയ്ക്ക്‌. തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയില്‍ ഓലപ്പുരയുടെ കോലായില്‍ ഇറവെള്ളം വീഴുന്നതും നോക്കിയിരുന്ന ആ ബാല്യകാലം. പുതുമണ്ണിന്‍ സുഗന്ധവും, ചെറു തണുപ്പും എല്ലാമെല്ലാം ഒരോര്‍മ്മയായി മനസ്സിലേയ്ക്കോടിയെത്തുന്നു. ചന്നം പിന്നം പെയ്യുന്ന മഴയില്‍ കുതിര്‍ന്ന്‌ ഓടിനടന്ന പാടവരമ്പും തൊടികളുമെല്ലാം പോയ്മറഞ്ഞിരിക്കുന്നു. പൊന്‍വെയിലത്തെ ചാറ്റല്‍മഴയും കുന്നിന്‍ ചരുവില്‍ എത്തിനോക്കുന്ന വാര്‍മഴവില്ലും ഓര്‍മിക്കാന്‍ എന്നും സുഖമുള്ള ഒരു നോവാണ്‌. ഇതൊക്കെയാണെങ്കിലും മഴക്കാലം അത്ര സുഖമുള്ള ഒരേര്‍പ്പാടൊന്നുമല്ല. ജൂണ്‍ മാസമാണ്‌ രാവിലെ നേരത്തെ എഴുന്നേല്‍ക്കണം, പള്ളിക്കൂടത്തില്‍ പോകണം, എല്ലാം കൂടെ ആകെയൊരു മടുപ്പാണ്‌. ഇനി എങ്ങനെയെങ്കിലും പോയേക്കാം എന്നു വയ്ച്ചാലും പ്രശ്നമാണ്‌, കോരിച്ചൊരിയുന്ന ഈ പേമാരി മുഴുവന്‍ നനായണം. എങ്കിലും ഞാനീ മഴയെ സ്നേഹിച്ചു. വെള്ളി നൂലുകളായി പെയ്തിറങ്ങുന്ന മഴച്ചാറ്റലിനെ സ്നേഹിച്ചു. കാതടപ്പിക്കുന്ന ശബ്ദ കോലാഹലവുമായെത്തുന്ന പെരുമഴയെയും ഞാന്‍ സ്നേഹിച്ചു. മഴ പതുക്കെ ചാറിതുടങ്ങിയിട്ടേ ഉള്ളു, പതിയെ പതിയെ ഒരു സാന്ദ്രസംഗീതം പോലെ ഉച്ച്സ്ഥായിയിലേയ്ക്കെത്തട്ടേ. ഞാന്‍ കാത്തിരിക്കുകയാണ്‌ ആര്‍ത്തലയ്ച്ചു വരുന്ന ആ പെരുമഴക്കാലത്തിനായി............
മണിമുത്തുകള്‍ കൂട്ടികെട്ടിയ കിങ്ങിണിക്കൂട്ടം
മഞ്ഞക്കണിക്കൊന്നതന്‍ കിങ്ങിണിക്കൂട്ടം
പൂവരഞ്ഞാണത്തിലെ കിങ്ങിണിക്കൂട്ടം
പൊന്‍പാദസ്വരത്തിലെ കിങ്ങിണിക്കൂട്ടം
കിങ്ങിണിതന്‍ ചിലമ്പലുകള്‍ക്കിടയില്‍
അമ്പത്തൊന്നക്ഷരങ്ങളുടെ കിങ്ങിണിക്കൊന്ചല്‍
അക്ഷരമുത്തുകളുടെ കിങ്ങിണിക്കൂട്ടം................