പെയ്തൊഴിയാന്‍ വെമ്പി................ 


ഒരു നനുത്ത കാറ്റിന്റെ  ഇശല്‍ പോലെ, സാന്ദ്രസംഗീതം പോലെ ചാറ്റല്‍ മഴ തുടങ്ങിയിരിക്കുന്നു. മേടചൂടിന്‌ ആശ്വാസമായി അവള്‍ വന്നണഞ്ഞു. എരിവെയിലിണ്റ്റെ വേനല്‍ക്കാലം പെയ്തൊഴിയാന്‍ പോകുന്നു. ആര്‍ത്തലച്ചു വരുന്ന പെരുമഴക്കു മുന്‍പേ, അതിലും വേഗതയില്‍ മനസ്സ്‌ പിന്നോട്ട്‌ പായുകയാണ്‌. വര്‍ഷങ്ങള്‍ക്കു പിറകിലേയ്ക്ക്‌. തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന മഴയില്‍ ഓലപ്പുരയുടെ കോലായില്‍ ഇറവെള്ളം വീഴുന്നതും നോക്കിയിരുന്ന ആ ബാല്യകാലം. പുതുമണ്ണിന്‍ സുഗന്ധവും, ചെറു തണുപ്പും എല്ലാമെല്ലാം ഒരോര്‍മ്മയായി മനസ്സിലേയ്ക്കോടിയെത്തുന്നു. ചന്നം പിന്നം പെയ്യുന്ന മഴയില്‍ കുതിര്‍ന്ന്‌ ഓടിനടന്ന പാടവരമ്പും തൊടികളുമെല്ലാം പോയ്മറഞ്ഞിരിക്കുന്നു. പൊന്‍വെയിലത്തെ ചാറ്റല്‍മഴയും കുന്നിന്‍ ചരുവില്‍ എത്തിനോക്കുന്ന വാര്‍മഴവില്ലും ഓര്‍മിക്കാന്‍ എന്നും സുഖമുള്ള ഒരു നോവാണ്‌. ഇതൊക്കെയാണെങ്കിലും മഴക്കാലം അത്ര സുഖമുള്ള ഒരേര്‍പ്പാടൊന്നുമല്ല. ജൂണ്‍ മാസമാണ്‌ രാവിലെ നേരത്തെ എഴുന്നേല്‍ക്കണം, പള്ളിക്കൂടത്തില്‍ പോകണം, എല്ലാം കൂടെ ആകെയൊരു മടുപ്പാണ്‌. ഇനി എങ്ങനെയെങ്കിലും പോയേക്കാം എന്നു വയ്ച്ചാലും പ്രശ്നമാണ്‌, കോരിച്ചൊരിയുന്ന ഈ പേമാരി മുഴുവന്‍ നനായണം. എങ്കിലും ഞാനീ മഴയെ സ്നേഹിച്ചു. വെള്ളി നൂലുകളായി പെയ്തിറങ്ങുന്ന മഴച്ചാറ്റലിനെ സ്നേഹിച്ചു. കാതടപ്പിക്കുന്ന ശബ്ദ കോലാഹലവുമായെത്തുന്ന പെരുമഴയെയും ഞാന്‍ സ്നേഹിച്ചു. മഴ പതുക്കെ ചാറിതുടങ്ങിയിട്ടേ ഉള്ളു, പതിയെ പതിയെ ഒരു സാന്ദ്രസംഗീതം പോലെ ഉച്ച്സ്ഥായിയിലേയ്ക്കെത്തട്ടേ. ഞാന്‍ കാത്തിരിക്കുകയാണ്‌ ആര്‍ത്തലയ്ച്ചു വരുന്ന ആ പെരുമഴക്കാലത്തിനായി............
മണിമുത്തുകള്‍ കൂട്ടികെട്ടിയ കിങ്ങിണിക്കൂട്ടം
മഞ്ഞക്കണിക്കൊന്നതന്‍ കിങ്ങിണിക്കൂട്ടം
പൂവരഞ്ഞാണത്തിലെ കിങ്ങിണിക്കൂട്ടം
പൊന്‍പാദസ്വരത്തിലെ കിങ്ങിണിക്കൂട്ടം
കിങ്ങിണിതന്‍ ചിലമ്പലുകള്‍ക്കിടയില്‍
അമ്പത്തൊന്നക്ഷരങ്ങളുടെ കിങ്ങിണിക്കൊന്ചല്‍
അക്ഷരമുത്തുകളുടെ കിങ്ങിണിക്കൂട്ടം................